ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍: യുകെ ഹിന്ദു കൗണ്‍സില്‍ മാനേജിങ് ട്രസ്റ്റിയുടെ പ്രത്യേക പദവി ചാള്‍സ് രാജാവ് റദ്ദാക്കി

അനില്‍ ഭനോട്ടിയ്ക്ക് കുലീനപദവി നല്‍കിയത് രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കിയെന്നും അതിനാല്‍ ഇനിമുതല്‍ ഇയാള്‍ പദവിയെ കുറിച്ച് പറഞ്ഞ് നടക്കാന്‍ പാടില്ലെന്നും രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2024-12-07 03:17 GMT

ലണ്ടന്‍: ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയ യുകെയിലെ ഹിന്ദു കൗണ്‍സില്‍ മാനേജിങ് ട്രസ്റ്റി അനില്‍ ഭനോട്ടിയുടെ കുലീന പദവി ചാള്‍സ് രാജാവ് റദ്ദാക്കി. മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും എതിരേ നിരന്തരമായി നടത്തിയ വര്‍ഗീയ പ്രചാരണമാണ് ഹിന്ദു കൗണ്‍സില്‍ മാനേജിങ് ട്രസ്റ്റിയും കടുത്ത ഹിന്ദുത്വവാദിയുമായ അനില്‍ ഭനോട്ടിയുടെ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (സിബിഇ) പദവി പിന്‍വലിക്കാന്‍ കാരണമെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. പൗരന്‍മാര്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ പദവിയാണിത്.

സിബിഇയുടെ പദവിമുദ്രകള്‍ എത്രയും വേഗം ബക്കിങ്ഹാം കൊട്ടാരത്തില്‍ സമര്‍പ്പിക്കാനും ചാള്‍സ് രാജാവ് നിര്‍ദേശിച്ചു. ഇയാളുടെ പദവി റദ്ദാക്കിയ വിവരം ലണ്ടന്‍ ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിഗുരുതരമായ കുറ്റം ചെയ്യുന്നവരുടെ പദവികള്‍ മാത്രമേ രാജാവ് റദ്ദാക്കാറുള്ളൂ. വളരെ അപൂര്‍വ്വമായാണ് രാജാവ് ഇത്തരം നടപടികള്‍ സ്വീകരിക്കാറെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അനില്‍ ഭനോട്ടിയുടെ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിരീക്ഷിച്ചതിന് ശേഷം പ്രത്യേക സമിതി നല്‍കിയ റിപോര്‍ട്ട് പ്രധാനമന്ത്രിയാണ് രാജാവിന് സമര്‍പ്പിച്ചത്. രാജാവാണ് വിഷയത്തില്‍ അന്തിമതീരുമാനമെടുത്തത്. അനില്‍ ഭനോട്ടിയ്ക്ക് കുലീനപദവി നല്‍കിയത് രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കിയെന്നും അതിനാല്‍ ഇനിമുതല്‍ ഇയാള്‍ പദവിയെ കുറിച്ച് പറഞ്ഞ് നടക്കാന്‍ പാടില്ലെന്നും രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്‌ലാം തിന്മയാണെന്നും നിയമം മൂലം നിരോധിക്കണമെന്നുമുള്ള അനില്‍ ഭനോട്ടിയുടെ ഇസ്ലാമോഫോബിക് പരാമര്‍ശം നേരത്തെ ലോകം മുഴുവന്‍ ചര്‍ച്ചയായിരുന്നു. ഇതോടെ ഇയാളെ താല്‍ക്കാലികമായി ഔദ്യോഗിക ചുമതലകളില്‍ നിന്നും കൗണ്‍സില്‍ നീക്കി. പ്രതിഷേധങ്ങള്‍ തണുത്തപ്പോള്‍ വീണ്ടും തിരികെ കൊണ്ടുവരുകയായിരുന്നു.

ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക പൂനം ജോഷിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ ലോഡ് റാമി റേഞ്ചറുടെ കുലീനപദവിയും രാജാവ് റദ്ദാക്കിയിട്ടുണ്ട്. പാകിസ്താനികള്‍ക്കും സിഖ് മതസ്ഥര്‍ക്കും എതിരെ നടത്തിയ വംശീയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിക്ക് പുറകില്‍ ബിബിസിയിലെ പാകിസ്താനി ജീവനക്കാരാണെന്ന ഇയാളുടെ പ്രചാരണം ഏറെ വിവാദമായിരുന്നു.

LORD RAMI RANGER



POONAM JOSHI

 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഇയാള്‍ 2009 മുതല്‍ 16 കോടി രൂപയാണ് പാര്‍ടിക്ക് സംഭാവനയായി നല്‍കിയിട്ടുള്ളത്. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളുടെ അംഗത്വം പാര്‍ട്ടി മരവിപ്പിച്ചിരുന്നു. അല്‍പ്പസമയത്തിന് ശേഷം ഇത് പിന്‍വലിച്ചു.

Tags: