ബ്രിട്ടനില്‍ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കും; ആ വയസില്‍ താന്‍ അമ്മയായിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി
ലണ്ടന്‍: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പതിനാറ് വയസുള്ളവര്‍ക്കും വോട്ട് ചെയ്യാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ തിരഞ്ഞെടുപ്പ് ബില്ലില്‍ വോട്ടിങ് പ്രായം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പതിനാറ് വയസില്‍ തന്നെ താന്‍ അമ്മയായിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ ബിബിസിയോട് പറഞ്ഞു. ''പതിനാറ് വയസില്‍ നിങ്ങള്‍ക്ക് ജോലിക്ക് പോകാം, നികുതി അടയ്ക്കാം, പതിനാറ് വയസ്സില്‍ ആളുകള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു''-എയ്ഞ്ചല റെയ്നര്‍ പറഞ്ഞു.
ചെറുപ്പക്കാരെല്ലാം വിപ്ലവ സ്വഭാവക്കാരായതിനാല്‍ ലേബര്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാവുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ലേബര്‍ പാര്‍ട്ടി അത് നിഷേധിച്ചു. ചെറുപ്പക്കാര്‍ക്ക് അവകാശങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നതെന്ന് എയ്ഞ്ചല റെയ്നര്‍ പറഞ്ഞു. സ്‌കോട്ട്‌ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 16 വയസുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ ഇപ്പോഴും അവകാശമുണ്ട്.
1969 വരെ ബ്രിട്ടനില്‍ വോട്ടിങ് പ്രായം 21 ആയിരുന്നു. പിന്നീടാണ് 18 ആയത്. വോട്ടിങ് പ്രായം 16 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, മദ്യം, ലോട്ടറി തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പ്രായപരിധി 18 ആയി തന്നെ തുടരും.