ഗസയിലെ അതിക്രൂര നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ ഉപരോധം: യുകെ, ഫ്രാന്‍സ്, കാനഡ

Update: 2025-05-20 01:27 GMT

ലണ്ടന്‍: ഗസയിലെ അതിക്രൂര നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുകെയും ഫ്രാന്‍സും കാനഡയും. ഗസയില്‍ ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

''ഗസയിലെ മനുഷ്യരുടെ ദുരിതം അസഹനീയമാണ്. ഗസയിലേക്ക് അല്‍പ്പം ഭക്ഷണം കടത്തിവിടുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനം അപര്യാപ്തമാണ്. അവിടത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും മാനുഷിക സഹായം ഉടന്‍ അനുവദിക്കാനും ഞങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഗസയിലെ സാധാരണക്കാരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നത് അസ്വീകാര്യവും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനവുമാണ്. ഗസ നശിച്ചാല്‍ സാധാരണക്കാര്‍ നാടുവിട്ടു കൊള്ളുമെന്ന ഇസ്രായേല്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രസ്താവന വെറുപ്പുളവാക്കുന്നതാണ്. ഇസ്രായേല്‍ സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഞങ്ങള്‍ നോക്കിനില്‍ക്കില്ല. സൈനിക ആക്രമണം അവസാനിപ്പിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. വെസ്റ്റ് ബാങ്കിലെ കൈയ്യേറ്റങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്നതുമായ കൈയ്യേറ്റങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തണം.... ദ്വിരാഷ്ട്ര പരിഹാരത്തിനായി ജൂണ്‍ 18ന് ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന സമ്മേളനത്തിന്റെ ലക്ഷ്യം നടപ്പാവണമെങ്കില്‍ വെടിനിര്‍ത്തലുണ്ടാവണം....ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്....''-പ്രസ്താവന പറയുന്നു.