വിവാഹദിവസം വധുവിന് അപകടത്തില്‍ പരുക്ക്, ആശുപത്രിയിലെത്തി താലികെട്ടി വരന്‍

Update: 2025-11-21 12:13 GMT

ആലപ്പുഴ: വിവാഹദിനത്തില്‍ നടന്ന വാഹനാപകടത്തില്‍ വധുവിന് പരിക്കേറ്റു. ആശുപത്രിയില്‍ എത്തിയ വരന്‍ അവിടെ വച്ച് താലികെട്ടി. അതേസമയത്ത് ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും വിളമ്പി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്.

ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആവണിയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോയി.

ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍ താലികെട്ടാന്‍ തീരുമാനിച്ചു. അതേസമയം ഓഡിറ്റോറിയത്തില്‍ സദ്യയും വിളമ്പി. ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും.