പ്രത്യേക യോഗം ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ബ്രാഹ്‌മണ, താക്കൂര്‍ എംഎല്‍എമാര്‍; തിരഞ്ഞെടുപ്പ് വരുന്ന കാര്യം ഓര്‍ക്കണമെന്ന് ബിജെപി നേതൃത്വം
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ബ്രാഹ്‌മണ എംഎല്‍എമാര്‍ പ്രത്യേക യോഗം ചേര്‍ന്നു. കുശിനഗര്‍ എംഎല്‍എയായ പഞ്ചാനന്ദ് പഥകിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ഏകദേശം 45 എംഎല്‍എമാരാണ് ബ്രാഹ്‌മണരുടെ പ്രത്യേക യോഗത്തില്‍ പങ്കെടുത്തത്. പഞ്ചാനന്ദ് പഥകിന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ കൂടിയെന്നാണ് ന്യായീകരണം. മിര്‍സാപൂര്‍ എംഎല്‍എ രത്‌നാകര്‍ മിശ്രയും എംഎല്‍സി ഉമേഷ് ദ്വിവേദിയും അടക്കമുള്ള പ്രമുഖരും ഈ ആഘോഷത്തില്‍ പങ്കെടുത്തു. ജാതി രാഷ്ട്രീയകാലത്ത് ബ്രാഹ്‌മണര്‍ അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെടുകയാണെന്നാണ് ബ്രാഹ്‌മണ എംഎല്‍എമാര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഉപമുഖ്യമന്ത്രി സ്ഥാനം ബ്രാഹ്‌മണ സമുദായത്തിന് ലഭിച്ചെങ്കിലും യഥാര്‍ത്ഥ അധികാരം ലഭിച്ചില്ലെന്നും യോഗം ആരോപിച്ചു.
യുപി നിയമസഭയില്‍ 52 ബ്രാഹ്‌മണ എംഎല്‍എമാരാണുള്ളത്. അതില്‍ 46 പേരും ബിജെപിക്കാരാണ്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരില്‍ 8-10 ശതമാനമാണ് ബ്രാഹ്‌മണര്‍. സംസ്ഥാനത്തെ 110 മണ്ഡലങ്ങളില്‍ ബ്രാഹ്‌മണ വോട്ടുകള്‍ നിര്‍ണായകമാണ്. 12 ജില്ലകളില്‍ ബ്രാഹ്‌മണരുടെ ജനസംഖ്യ 15 ശതമാനത്തില്‍ അധികം വരും. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണരുടെ 89 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരം യോഗങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പങ്കജ് ചൗധരി ആവശ്യപ്പെട്ടു. 2027ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബ്രാഹ്‌മണ എംഎല്‍എമാരെ കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് പിന്തുണച്ചു. മറ്റുജാതിക്കാര്‍ യോഗം ചേരുമ്പോള്‍ ഇല്ലാത്ത പ്രതികരണമാണ് ബ്രാഹ്‌മണര്‍ക്കെതിരേ നടന്നതെന്ന് അജയ് റായ് പറഞ്ഞു. ബിജെപിയോട് യോജിപ്പില്ലാത്ത ബ്രാഹ്‌മണ എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ് ആവശ്യപ്പെട്ടു.
അതേസമയം, താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എമാര്‍ പങ്കജ് ചൗധരിയുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. 49 പേരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശിലെ 49 താക്കൂര്‍ എംഎല്‍എമാരില്‍ 40 പേരും ഈ യോഗത്തില്‍ പങ്കെടുത്തു. സമുദായത്തിന്റെ ഭാവി തീരുമാനിക്കാന്‍ ജനുവരി അഞ്ചിന് ലഖ്‌നോവില്‍ പ്രത്യേക യോഗം വിളിക്കാനും തീരുമാനമായി. താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എമാരും എംപിമാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

