തെളിവായി വാട്സാപ്പ് ചാറ്റുകള്‍; വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മലാപ്പറമ്പിലെ ജിം പരിശീലകനും വേങ്ങേരി കണ്ണാടിക്കല്‍ സ്വദേശിയുമായ ബഷീറുദ്ദീന്‍ മുഹമ്മദാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ ആയിഷ റഷയും പ്രതിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലിസിന് തെളിവ് ലഭിച്ചിരുന്നു. വാട്സാപ്പ് ചാറ്റുകളില്‍നിന്നാണ് ഈ തെളിവുകള്‍ അന്വേഷണസംഘത്തിന് കിട്ടിയത്.
ഞായറാഴ്ച രാത്രിയാണ് അത്തോളി സ്വദേശിനിയായ ആയിഷ റഷ(21)യെ എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ ആയിഷ റഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ത്തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
മൂന്നു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ജിമ്മിലെ ഓണാഘോഷപരിപാടിക്ക് ബഷീറുദ്ദീന്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആയിഷ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്ന മൊഴി പോലിസിന് ലഭിച്ചിട്ടുണ്ട്. എതിര്‍പ്പ് അവഗണിച്ച് ബഷീറുദ്ദീന്‍ ജിമ്മിലേക്ക് പോയി. ഉച്ചയോടെ 'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും' എന്ന് ബഷീറുദ്ദീന്റെ മൊബൈലിലേക്ക് ആയിഷ വാട്‌സാപ് സന്ദേശം അയച്ചിരുന്നു.
യുവതിയെ ബഷീറുദ്ദീന്‍ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. ആയിഷയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭാര്യയാണെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ ഇയാള്‍ പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
