പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം 14 പേര്‍ക്കെതിരേ കേസ്, എട്ടുപേര്‍ അറസ്റ്റില്‍
ചെറുവത്തൂര്‍: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍. മൊത്തം 14 പേര്‍ക്കെതിരെയാണ് കേസെന്ന് കാസര്‍കോട് ജില്ലയിലെ ചന്തേര പോലിസ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍, റെയില്‍വേ സംരക്ഷണ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവിന് തോന്നിയ സംശയമാണ് പോലിസില്‍ പരാതി നല്‍കാന്‍ കാരണമായത്. ചന്തേര പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.
ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കി. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടി ജയിലില്‍ അടക്കുമെന്ന് പോലിസ് അറിയിച്ചു.