വാഷിങ്ടണ്‍: ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശികളായ വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള അനുമതി എടുത്തുകളഞ്ഞ യുഎസ് ഭരണകൂടത്തിന്റെ നടപടി കോടതി തല്‍ക്കാലം തടഞ്ഞു. സര്‍വകലാശാല സമര്‍പ്പിച്ച ഹരജിയിലാണ് ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹാര്‍വാഡിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം അനുമതി റദ്ദാക്കി വ്യാഴാഴ്ചയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉത്തരവിട്ടത്. അക്രമവും ജൂതവിരോധവും പ്രോത്സാഹിപ്പിക്കുന്നെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നെന്നും ഹാര്‍വാഡിനെതിരെ നോം ആരോപണമുന്നയിച്ചു.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ആറിന രേഖകള്‍ 72 മണിക്കൂറിനകം സമര്‍പ്പിക്കാന്‍ സമയം നല്‍കി. വ്യവസ്ഥകള്‍ പാലിച്ചാല്‍ ഉത്തരവ് പിന്‍വലിക്കും; വിദേശി വിദ്യാര്‍ഥികളുടെ പ്രവേശനം തുടരാം. വിലക്ക് നിലനിര്‍ത്തുകയാണെങ്കില്‍, ഇപ്പോഴുള്ള വിദ്യാര്‍ഥികളെ മറ്റിടങ്ങളിലേക്കു മാറ്റണം. പ്രവേശന വിലക്ക് 2025-26 അക്കാദമിക് വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ക്രിസ്റ്റി നോം പറഞ്ഞിരുന്നു. യുഎസിലെ മാസച്ചുസെറ്റ്‌സ് സംസ്ഥാനത്തെ കേംബ്രിജിലുള്ള ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഇപ്പോഴുള്ള 6,800 വിദ്യാര്‍ഥികള്‍ വിദേശികളാണ്. ഇവര്‍ ആകെ വിദ്യാര്‍ഥികളുടെ 27% വരും. 700 പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.
