അരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

Update: 2025-08-07 03:35 GMT

ശ്രീനഗര്‍: ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പ്രശസ്ത പണ്ഡിതനായ അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനി(എ ജി നൂറാനി), അരുന്ധതി റോയ് തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു. മൊത്തം 25 പുസ്തകങ്ങള്‍ക്കാണ് നിരോധനം. ഈ പുസ്തകങ്ങള്‍ തെറ്റായ ആഖ്യാനങ്ങള്‍ നല്‍കുന്നതായും തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നതായും വിഘടനവാദം പ്രോല്‍സാഹിപ്പിക്കുന്നതായും സര്‍ക്കാര്‍ ആരോപിച്ചു.

എ ജി നൂറാനിയുടെ ' ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012, അരുന്ധതി റോയിയുടെ ആസാദി, സുമന്ത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദി ക്രോസ്‌റോഡ്‌സ്, അനുരാധ ബാസിന്റെ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീര്‍ ആഫ്റ്റര്‍ ആര്‍ട്ടിക്കിള്‍ 370, എസ്സാര്‍ ബത്തൂലിന്റെ ഡു യു റിമമ്പര്‍ കുനാന്‍ പൊഷ്‌പോര, ഡോ.ഷംഷാദ് ഷാനിന്റെ യുഎസ്എ ആന്‍ഡ് കശ്മീര്‍, രാധിക ഗുപ്തയുടെ ഫ്രീഡം കാപ്റ്റിവിറ്റി, ഇമാം ഹസന്‍ അല്‍ ബാനയുടെ മുജാഹിദ് കീ അസാന്‍, വിക്ടോറിയ ഷെഫോള്‍ഡിന്റെ കശ്മീര്‍ ഇന്‍ കോണ്‍ഫഌക്റ്റ്, ക്രിസ്റ്റഫര്‍ സ്‌നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ എന്നീ പുസ്തകങ്ങളാണ് നിരോധിച്ചത്.

ഈ പുസ്തകങ്ങള്‍ യുവാക്കളെ തെറ്റിധരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അന്വേഷണങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും കണ്ടെത്തിയെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് പറയുന്നു.

'' ചില പുസ്തകങ്ങള്‍ തെറ്റായ വിവരണങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്രമത്തിലും ഭീകരതയിലും യുവാക്കളുടെ പങ്കാളിത്തത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണ് ഇത്. ചരിത്രമെന്നും രാഷ്ട്രീയമെന്നും പറഞ്ഞ് യുവാക്കളെ തെറ്റിധരിപ്പിക്കുകയാണ് ഈ പുസ്തകങ്ങള്‍ ചെയ്യുന്നത്. ഇരവാദം, തീവ്രവാദികളെ വീരന്‍മാരാക്കല്‍ എന്നിവയാണ് ഈ പൂസ്തകങ്ങള്‍ ചെയ്യുന്നത്. അത്തരം 25 പുസ്തകങ്ങള്‍ തിരിച്ചറിഞ്ഞു. അതിനാല്‍, അത്തരം പുസ്തകങ്ങളെല്ലാം കണ്ടുകെട്ടുകയാണ്.''-സര്‍ക്കാര്‍ ഉത്തരവ് പറയുന്നു. ഭാരതീയ ന്യായ സംഹിതയുടെ 152, 196, 197 വകുപ്പുകള്‍ പ്രകാരമാണ് നടപടി. നേരത്തെ മൗലാനാ മൗദൂദിയുടെ പുസ്തകങ്ങള്‍ക്കെതിരേ സമാനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.