മുംബൈ: യുഎപിഎ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്ന ഹരജി തള്ളുകയാണെന്നും ജസ്റ്റീസുമാരായ എ എസ് ഗഡ്കരിയും നീല ഗോഖലെയും പറഞ്ഞു. വിധി പകര്‍പ്പ് പുറത്തുവന്നിട്ടില്ലാത്തതിനാല്‍ വിധിയുടെ യുക്തി വ്യക്തമല്ല.
ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍ഐഎ നോട്ടിസ് ലഭിച്ച അനില്‍ ബാബുര ബെയ്‌ലി എന്നയാള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്. യുഎപിഎ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നാണ് അനില്‍ വാദിച്ചത്. ഈ നിയമത്തെയും വകുപ്പിനെയും രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സര്‍ക്കാരുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.