വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് ശിവസേന നേതാവിനെ വിലക്കി ഹൈക്കോടതി
മുംബൈ: നിര്‍മാണ കമ്പനിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) നേതാവ് സഞ്ജയ് നിരൂപത്തെ വിലക്കി ബോംബെ ഹൈക്കോടതി. ശ്രീ ശങ്കര്‍ സൊസൈറ്റിയില്‍ രഹസ്യമായി മുസ് ലിംകളെ പാര്‍പ്പിക്കുവാന്‍ ചേരി പുനരധിവാസ അതോറിറ്റിയുമായി ചേര്‍ന്ന് ചണ്ഡിവാല എന്റര്‍പ്രൈസസ് എന്ന കമ്പനി ശ്രമിക്കുകയാണെന്ന സഞ്ജയ് നിരൂപത്തിന്റെ പരാമര്‍ശമാണ് കേസിന് കാരണമായത്. പുനര്‍നിര്‍മിക്കുന്ന ചേരിയിലെ പ്രദേശങ്ങള്‍ക്ക് മുസ്‌ലിം പേരുകള്‍ ഇടുകയാണെന്നും അയാള്‍ ആരോപിച്ചു. ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ചണ്ഡിവാല എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2025 ഫെബ്രുവരി മുതല്‍ നിരവധി തവണ സഞ്ജയ് നിരൂപം സമാനമായ പ്രസ്താവനകള്‍ നടത്തിയതായി കമ്പനി ചൂണ്ടിക്കാട്ടി. ശ്രീശങ്കര്‍ സൊസൈറ്റിയിലെ 67 കുടുംബങ്ങളില്‍ ഏഴു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിംകളെന്ന് ഹൈക്കോടതി കണ്ടെത്തി. അതിനാല്‍ തന്നെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ജസ്റ്റിസ് ആര്‍ ഐ ചാഗ്ല പറഞ്ഞു. നിരവധി തവണ നോട്ടിസ് അയച്ചിട്ടും സഞ്ജയ് നിരൂപം കേസില്‍ അഭിഭാഷകനെ വയ്ക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. കേസ് ഇനി സെപ്റ്റംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.