മലബാര്‍ ഗോള്‍ഡിനെ പാകിസ്ഥാന്‍ അനുകൂലിയായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണം: ബോംബെ ഹൈക്കോടതി
മുംബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ പാകിസ്താന്‍ അനുകൂലിയായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ ഒരു ഷോറൂം തുറക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. ലോക്കല്‍ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടാന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യാന്‍ ജെഎബി സ്റ്റുഡിയോസ് എന്ന കമ്പനിയെ മലബാര്‍ ഗോള്‍ഡ് ഉപയോഗിച്ചു. അങ്ങിനെ ലണ്ടനില്‍ താമസിക്കുന്ന അലിഷ്ബ ഖാലിദ് എന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കമ്പനിക്കായി പ്രചാരണം നടത്തി.
എന്നാല്‍, കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നപ്പോള്‍ അതിനെ അലിഷ്ബ വിമര്‍ശിച്ചു. തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചാരണം നടന്നത്. എന്നാല്‍, ഇന്‍ഫ്‌ളുവന്‍സറെ കൊണ്ടുവന്നത് ജെഎബി സ്റ്റുഡിയോസ് ആണെന്നും അവര്‍ പാകിസ്താനിയാണെന്ന് അറിയില്ലായിരുന്നുവെന്നും കമ്പനി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ബിസിനസ് എതിരാളികളായ കമ്പനികള്‍ക്ക് വേണ്ടിയാണ് വ്യാജപ്രചാരണങ്ങളെന്നും കമ്പനി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയത്.
മെറ്റാ പ്ലാറ്റ്ഫോം (ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് & ഇന്‍സ്റ്റാഗ്രാം), എക്സ് (മുന്‍ ട്വിറ്റര്‍), ഗൂഗിള്‍ (യൂട്യൂബ്), വാര്‍ത്താ ഏജന്‍സികള്‍ - ദി പാംഫ്ലെറ്റ്, ഒണ്‍ലി ഫാക്റ്റ്, ലേറ്റസ്റ്റ് ന്യൂസ്പേപ്പര്‍ ഏജന്‍സി, എബിസി മലയാളം ന്യൂസ്, ജെഎബി സ്റ്റുഡിയോസ് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
