ജൈന മത ഉല്‍സവത്തിന് ഒമ്പത് ദിവസം അറവ് തടയണമെന്ന് ആവശ്യം; അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
മുംബൈ: ജൈന മതവിശ്വാസികളുടെ ആഘോഷത്തിന് ഒമ്പത് ദിവസം അറവ് തടയണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ആഗസ്റ്റ് 21 ന് ആഘോഷം തുടങ്ങുന്നതിനാല്‍ അന്നു മുതല്‍ ഒമ്പതു ദിവസം മുംബൈയില്‍ അറവ് തടയണമെന്നാവശ്യപ്പെട്ട് ഒരു ജൈന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൈന മതത്തിന്റെ അടിത്തറ അഹിംസയാണെന്നും ആഘോഷ ദിവസങ്ങളില്‍ അറവ് നടക്കുന്നത് മതവിരുദ്ധമാണെന്നുമായിരുന്നു വാദം. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മറ്റു സമുദായങ്ങളും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത് കാരണമാവാം. ഗണേശ ചതുര്‍ത്ഥി, നവരാത്രി എന്നിവയ്‌ക്കൊക്കെ ആളുകള്‍ ഇത്തരം ഹരജികളുമായി വന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നും കോടതി ചോദിച്ചു. എന്നിരുന്നാലും ഹരജിക്കാരനോട് മുംബൈ, പൂനെ, നാസിക്, മിര ഭയാനന്ദര്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് നിവേദനം നല്‍കാന്‍ നിര്‍ദേശിച്ച് ഹരജി തീര്‍പ്പാക്കി.