ബോബി ചെമ്മണ്ണൂരിന് ജയിലില്‍ അധിക പരിഗണന; ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ലാ ജയിലില്‍ വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയെയും കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ജയില്‍ ആസ്ഥാനത്തെ ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലാണ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തത്. ആഭ്യന്തരസെക്രട്ടറിയാണ് റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കേണ്ടത്.
ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലില്‍ എത്തിയെന്ന് അന്വേഷണ റിപോര്‍ട്ട് പറയുന്നു. ജയില്‍ ചട്ടങ്ങള്‍ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.