''ഒന്നെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും, അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലും'': എസ്‌ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ബിഎല്‍ഒയുടെ ശബ്ദസന്ദേശം

Update: 2025-11-24 02:57 GMT

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പുന:പരിശോധനയുടെ പേരിലുള്ള സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്യുമെന്ന് ബൂത്ത് ലെവല്‍ ഓഫീസറുടെ ശബ്ദസന്ദേശം. മുണ്ടക്കയം പഞ്ചായത്തിലെ 110ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആന്റണി വര്‍ഗീസിന്റെ പേരിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ബിഎല്‍ഒമാരും ഉദ്യോഗസ്ഥരുമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആയിരുന്നു ഇദ്ദേഹം ശബ്ദ സന്ദേശമിട്ടത്.

'എസ്‌ഐആര്‍ ജോലിയുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്‍ദ്ദത്തിലാണ് ഞാന്‍. നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഒരാഴ്ചയോളം മെനക്കെട്ട് വീടുകളില്‍ ഫോം കൊണ്ട് കൊടുത്തു. പൂരിപ്പിക്കാതെയാണ് പല വോട്ടര്‍മാരും ഫോം തരുന്നത്. ഇവരുടെ ബേസിക് കാര്യങ്ങളും ഞാന്‍ ചെയ്യണം. 2002ലെ വിവരങ്ങളും തപ്പിപിടിച്ചു കൊടുക്കണം. ഇതിന് കാല്‍ കാശ് കിട്ടുന്നില്ല. നിങ്ങള്‍ ഇതിന് ആവശ്യമായ യാതൊരു ഉപകരണങ്ങളും തരുന്നില്ല. ഇന്റര്‍നെറ്റ് തരുന്നില്ല, മൊബൈല്‍ ഫോണ്‍ തരുന്നില്ല. ഇലക്ഷന്‍ കമീഷനും ഉദ്യോഗസ്ഥരും ഞങ്ങളെ ചൂഷണം ചെയ്യുകയാണ്. മാനസികമായി ശാരീരികമായും ചൂഷണംചെയ്ത് അടിമപ്പണി ചെയ്യിക്കുന്നത് ദയവായി നിര്‍ത്തണം.

എന്റെ മാനസികനില തകരുകയാണ്. ഒന്നെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും, അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലും. എന്നെ ഈ ജോലിയില്‍നിന്ന് പിന്മാറാന്‍ ദയവായി അനുവദിക്കണം. സഹികെട്ടിട്ടാണ് പറയുന്നത്. ഒരു മിനിറ്റ് കൊണ്ട് ഡിജിറ്റലൈസേഷന്‍ ചെയ്യാമെന്നാ പറയുന്നത്. ഇതൊക്കെ എസി റൂമിലിരിക്കുന്നവര്‍ക്ക് പറയാം. വെളിയില്‍ വെയിലുംകൊണ്ട് നടക്കുന്നവരുടെ ബുദ്ധിമുട്ട് ഇവര്‍ക്ക് അറിയില്ല. എസ്‌ഐആര്‍ എന്റെ ജീവിതംതകര്‍ത്തു. വില്ലേജ് ഓഫീസിലോ കലക്ടറേറ്റിലോ വന്ന് ഞാന്‍ വിഷം കഴിച്ച് ചാകും. ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദി ഇലക്ഷന്‍ കമീഷനും എസ്‌ഐആറും ആണ്.'- ബിഎല്‍എ പറയുന്നു.