കാണ്‍പൂരില്‍ മുസ്‌ലിം പള്ളിക്ക് സമീപം സ്‌ഫോടനം

Update: 2025-10-09 07:21 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ മര്‍ക്കസ് വാലി പള്ളിക്ക് സമീപം സ്‌ഫോടനം. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. എട്ടുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, രണ്ടു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അശ്വിനി കുമാര്‍, വിജേന്ദ്ര രസ്‌തോഗി എന്നിവരുടെ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അതില്‍ അശ്വിനി കുമാറിന് പരിക്കേറ്റു. വിജേന്ദ്ര രസ്‌തോഗിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. പ്രദേശത്ത് സൂക്ഷിച്ച പടക്കങ്ങളാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ വീടുകളിലും കടകളിലും പരിശോധനകള്‍ നടത്തുകയാണ്. യുപി പോലിസിലെ ഭീകരവിരുദ്ധ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ലഖ്‌നോവില്‍ നിന്നുള്ള എന്‍ഐഎ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ സഹാന, അബ്ദുല്‍, റിയാദിന്‍, അശ്വനികുമാര്‍ എന്നിവരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.