യുഎസില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ബോംബ് സ്‌ഫോടനം; ഒരു മരണം

Update: 2025-05-18 02:49 GMT

കാലിഫോണിയ: യുഎസിലെ കാലിഫോണിയയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ബോംബ് സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐവിഎഫ്), അണ്ഡ ശേഖരണം, എല്‍ജിബിടികാര്‍ക്ക് കുട്ടികളെ ഉണ്ടാക്കല്‍ തുടങ്ങിയവ ചെയ്തിരുന്ന പാം സ്പ്രിങിലെ അമേരിക്കന്‍ റീപ്രൊഡക്ടീവ് സെന്റര്‍ എന്ന ക്ലിനിക്കിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ രഹസ്യമായി ഗര്‍ഭഛിദ്രവും നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. അതിനാല്‍ അബോര്‍ഷന്‍ വിരുദ്ധ ഗ്രൂപ്പുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് എഫ്ബിഐയുടെ അനുമാനം. ബോധപൂര്‍വ്വമുള്ള ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് സമാനമായ കാര്യങ്ങള്‍ ചെയ്യുന്ന പ്ലാന്‍ഡ് പാരന്റ്ഹുഡ് എന്ന സന്നദ്ധ സംഘടനയുടെ 19 ക്ലിനിക്കുകള്‍ താല്‍ക്കാലികമായി പൂട്ടി. അബോര്‍ഷന് എതിരെ ശക്തമായ നിലപാട് എടുക്കുന്ന ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഐവിഎഫിന് എതിരെയും പ്രചാരണം നടത്തുന്നുണ്ട്. ഫെര്‍ട്ടിലൈസ് ചെയ്ത അണ്ഡത്തെ അവര്‍ വ്യക്തിയായാണ് കാണുന്നത്. അത് ഉപയോഗിക്കാതിരിക്കുന്നത് കൊലപാതകമാണെന്നും പറയുന്നു. ഐവിഎഫ് ക്ലിനിക്കുകള്‍ പൂട്ടണമെന്ന് സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.