
തെല്‍അവീവ്: ഇറാന്റെ മിസൈലുകള്‍ എത്തിയപ്പോള്‍ ആകാശദൃശ്യങ്ങളുടെ ലൈവ് കട്ട് ചെയ്ത് ഇസ്രായേലി ചാനലുകള്‍. ഓപ്പറേഷന്‍ ട്രൂപ്രോമിസ്-3ന്റെ ഒമ്പതാംഘട്ടം നടക്കുമ്പോഴാണ് ചാനലുകള്‍ ലൈവ് കട്ട് ചെയ്തത്. തെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളിലെ ആകാശം പിന്നീട് കാണിച്ചില്ല. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ യുഎസ് ചാനലായ സിഎന്‍എന്നും കട്ട് ചെയ്തു. പിന്നീട്, ഇന്‍സ്റ്റഗ്രാമില്‍ നിന്നും യൂട്യൂബില്‍ നിന്നും ആദ്യവീഡിയോകള്‍ നീക്കം ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ ഇറാന്റെ ആക്രമണം റിപോര്‍ട്ട് ചെയ്യുന്ന ചാനല്‍ റിപോട്ടര്‍മാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മിസൈലുകളുടെയും ഡ്രോണുകളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേലി സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രായേലിന്റെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനവും ഗ്ലിലോട്ടിലെ ലോജിസ്റ്റിക്‌സ് സെന്ററും ഇറാന്റെ മിസൈലുകള്‍ തകര്‍ത്തു. അതിന്റെ ദൃശ്യങ്ങള്‍ ആദ്യം ഹീബ്രു ചാനലുകള്‍ പുറത്തുവിട്ടെങ്കിലും പിന്നീട് പിന്‍വലിച്ചു.