വത്തിക്കാനില്‍ കറുത്ത പുക; ഒന്നാംഘട്ട വോട്ടെടുപ്പില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല

Update: 2025-05-08 00:42 GMT

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് സിസ്റ്റീന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയര്‍ന്നത്.

കറുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.


മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഇന്നുമുതല്‍ ദിവസവും 4 തവണ വോട്ടെടുപ്പു നടക്കും. 71 രാജ്യങ്ങളില്‍നിന്നായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ മാര്‍പാപ്പയാവും. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് (ശ്രീലങ്ക-77), കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ (ഹംഗറി-72), കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്‌ലേ (67), കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോണി (ഇറ്റലി-79), കര്‍ദിനാള്‍ ആന്‍ഡേഴ്‌സ് അര്‍ബോറേലിയസ് (സ്വീഡന്‍-75), കര്‍ദിനാള്‍ റോബര്‍ട്ട് സാറ (ഗിനി-79), കര്‍ദിനാള്‍ പിയെര്‍ബറ്റിസ്റ്റ പിസബെല്ല (ഇറ്റലി-60), കര്‍ദിനാള്‍ പിയത്രോ പരോളിന്‍ എന്നിവരാണ് മാര്‍പാപ്പയാവാന്‍ മുന്‍നിരയിലുള്ളത്.