ഒരു കോടി രൂപയുടെ മുടി മോഷണം പോയി; ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ വച്ച മുടിയെന്ന് ഉടമ
ബംഗളൂരു: വടക്കന്‍ ബംഗളൂരുവിലെ ലക്ഷ്മിപുര ക്രോസിലെ ഗോഡൗണില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന 830 കിലോഗ്രാം മുടി മോഷണം പോയി. വെങ്കട്ടസ്വാമി എന്ന മുടിക്കച്ചവടക്കാരന്റെ ഗോഡൗണില്‍ ഫെബ്രുവരി 28ന് നടന്ന മോഷണത്തില്‍ പോലിസ് കേസെടുത്തു. ഹൈദരാബാദിലെ മുടി കയറ്റുമതി കമ്പനിക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 27 ചാക്ക് സംസ്‌കരിച്ച മുടിയാണ് മോഷണം പോയിരിക്കുന്നത്. കാറിലെത്തിയ ആറംഗ സംഘമാണ് മുടി മോഷ്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് കണ്ടെത്തി. ഗോഡൗണിന്റെ ഷട്ടറുകള്‍ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചാണ് പൊളിച്ചത്.
കള്ളന്‍മാര്‍ ഗോഡൗണിലേക്ക് എത്തിയപ്പോള്‍
പ്രതികള്‍ മോഷണം നടത്തുന്നത് പ്രദേശവാസിയായ ഒരാള്‍ കണ്ടിരുന്നു. എന്നാല്‍, കട ഉടമകള്‍ ചാക്കുകളുമായി പോവുകയാണെന്ന് ഇയാള്‍ തെറ്റിധരിച്ചു. തെലുങ്ക് സംസാരിക്കുന്നവരാണ് കള്ളന്‍മാരെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി.
ആന്ധ്രാപ്രദേശിലെ കഡപ്പ, ശ്രീകാകുളം എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മുടി ഹൈദരാബാദിലെ മുടി കയറ്റുമതി കമ്പനിക്ക് നല്‍കുന്നതാണ് വെങ്കട്ടസ്വാമിയുടെ ജോലി. ഹൈദരാബാദില്‍ നിന്ന് മുടി മ്യാന്‍മര്‍ വഴി ചൈനയില്‍ എത്തും. അവിടെയാണ് വെപ്പുമുടിയും മീശയും താടിയുമെല്ലാം നിര്‍മിക്കുക. ആന്ധ്രപ്രദേശിലെ ആളുകളുടെ തലയിലെ മുടിക്ക് ഗുണനിലവാരം കൂടുതലാണെന്നാണ് വെങ്കട്ടസ്വാമി പറയുന്നത്. ലോകത്തില്‍ ഏറ്റവുമധികം മുടി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മറ്റു ലോകരാജ്യങ്ങളേക്കാള്‍ ചെറിയ വിലക്ക് ഗുണനിലവാരമുള്ള മുടി ഇന്ത്യയില്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
