മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നെന്ന് വ്യാജ പ്രചാരണം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Update: 2025-12-18 03:49 GMT

ഗുഡ്ഗാവ്: മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നെന്ന് വ്യാജ പ്രചാരണം നടത്തിയ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ യുവമോര്‍ച്ച വൈസ് പ്രസിഡന്റും അഭിഭാഷകനുമായ ശൗര്യ മിശ്ര(25)യെയാണ് ഗുഡ്ഗാവ് പോലിസ് ഉത്തര്‍പ്രദേശില്‍ പോയി അറസ്റ്റ് ചെയ്തത്. അത്തരമൊരു ബലാല്‍സംഗമോ കൊലപാതകമോ നടന്നിട്ടില്ലെന്ന് ഗുഡ്ഗാവ് പോലിസ് വക്താവ് സന്ദീപ് സിങ് പറഞ്ഞു. '' പ്രതി ബോധപൂര്‍വ്വം തെറ്റിധാരണാജനകമായ പോസ്റ്റിടുകയും മതപരമായ വിദ്വേഷം പ്രചരിപ്പിക്കാന്‍ അനുചിതമായ ഉള്ളടക്കം ഉപയോഗിക്കുകയും ചെയ്തു. ഇത്തരം പോസ്റ്റുകള്‍ സമൂഹത്തില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കും, പോലിസ് ഇത്തരം കാര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.''- സന്ദീപ് സിങ് പറഞ്ഞു.

ശൗര്യ മിശ്രയുടെ പോസ്റ്റ് ഹിന്ദുത്വ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സൈബര്‍ പോലിസ് സ്വമേധയാ കേസെടുത്തത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും അശ്ലീല ഉള്ളടക്കം പങ്കുവെച്ചതിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ശൗര്യ മിശ്രയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഗുഡ്ഗാവ് പോലിസ് പ്രസ്താവന ഇറക്കിയിരുന്നു. എന്നിട്ടും ശൗര്യ മിശ്ര പോസ്റ്റ് ഡിലീറ്റ് ചെയ്തില്ല. തുടര്‍ന്നാണ് കേസെടുത്തത്. മിശ്ര ദിവസവും 30 മുതല്‍ 40 വരെ ഒന്നിലധികം പോസ്റ്റുകള്‍ ഇടുന്നുണ്ടെന്നും മിക്കവാറും എല്ലാ പോസ്റ്റുകളും ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള ആളുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും അല്ലെങ്കില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും വ്യക്തമാവുന്നു.