വോട്ട് വെട്ടാന്‍ തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതായി അസമിലെ ബിജെപി പ്രവര്‍ത്തകരും

Update: 2026-01-25 02:49 GMT

ഗുവാഹത്തി: വോട്ടുവെട്ടാന്‍ തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതായി അസമിലെ ബിജെപി പ്രവര്‍ത്തകരും. ലഖിംപൂര്‍ ജില്ലയിലെ ബൊറോലുവ ഗ്രാമവാസിയായ മൃദുല്‍ ബസുമതാരിയുടെ പേരില്‍ 250 വോട്ടുവെട്ടല്‍ അപേക്ഷകളാണ് നല്‍കിയത്. എന്നാല്‍, ഈ വോട്ടര്‍മാരെയെല്ലാം തനിക്ക് നേരില്‍ അറിയാമെന്നും അവരെല്ലാം അസം സ്വദേശികളാണെന്നും യുവമോര്‍ച്ച അംഗം കൂടിയായ മൃദുല്‍ പറഞ്ഞു. മൃദുലിന്റെ പേരില്‍ നല്‍കിയ അപേക്ഷയില്‍ ഉള്‍പ്പെട്ടിരുന്നവരെല്ലാം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്. സംഭവത്തില്‍ മൃദുല്‍ പരാതി നല്‍കിയിട്ടുണ്ട്.

രംഗനദി മണ്ഡലത്തിലെ നയന്‍ മൊണ്ടാലും പരാതി നല്‍കി. 150 പേര്‍ക്കെതിരെയാണ് നയന്റെ പേരില്‍ പരാതി പോയത്. തന്റെ വോട്ടര്‍ ഐഡിയും ഫോണ്‍ നമ്പറും ദുരുപയോഗം ചെയ്താണ് ആരോ ഫോം 7 നല്‍കിയതെന്ന് അയാള്‍ ആരോപിച്ചു. രംഗനദിയിലെ ഫൂല്‍ബാരി ഗ്രാമത്തിലെ ബിജെപി നേതാവായ പിങ്കി ബിശ്വാസ് റോയുടെ പേരില്‍ 53 പേര്‍ക്കെതിരെയും ഫോം നല്‍കി. താന്‍ ഈ ഫോമുകള്‍ നല്‍കിയിട്ടില്ലെന്നാണ് പിങ്കി ഇപ്പോള്‍ പറയുന്നത്. ലഖിംപൂര്‍ ജില്ലയിലെ നൗബൗച്ച മണ്ഡലത്തിലെ 500 പേരുടെ വോട്ടുവെട്ടാന്‍ ഫോം 7 നല്‍കിയ ബിജെപി പ്രവര്‍ത്തകനെതിരേ പോലിസ് കേസും രജിസ്റ്റര്‍ ചെയ്തു. ധുലാല്‍ ഹസാരിക എന്നയാള്‍ക്കെതിരെയാണ് കേസ്. എന്നാല്‍, താന്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് ഹസാരിക പറയുന്നത്. തന്റെ ഐഡി കാര്‍ഡും നമ്പറും ദുരുപയോഗം ചെയ്ത് ചിലര്‍ ഫോം 7 നല്‍കിയെന്ന് ബിഷ്ണുദാസ് എന്നയാളും അധികൃതര്‍ക്ക് പരാതി നല്‍കി. ഒരു ബിജെപി പ്രവര്‍ത്തകന്‍ കടലാസില്‍ തന്റെ ഒപ്പുവാങ്ങി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. 75 വോട്ടുവെട്ടാനാണ് ഈ ഒപ്പ് ഉപയോഗിക്കപ്പെട്ടത്. ഒരാളെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ മണ്ഡലത്തിലെ ആര്‍ക്കും ഫോം 7 നല്‍കാം. മരിച്ചെന്നോ സ്ഥലത്തില്ലെന്നോ പറഞ്ഞാല്‍ മതിയാവും. ഇത് ഉപയോഗിച്ച് മുസ്‌ലിംകളെ ഉപദ്രവിക്കുന്നത് വ്യാപകമായിട്ടുണ്ട്.