സീറ്റ് ലഭിക്കാത്ത ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

Update: 2025-11-15 12:16 GMT

തിരുവനന്തപുരം: തൃക്കണാപുരം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്‌സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിനാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചിരുന്നു. തൃക്കണാപുരത്ത് വി. വിനോദ് കുമാര്‍ ആണ് നിലവിലെ ബിജെപി സ്ഥാനാര്‍ഥി.

ആനന്ദ് തമ്പിയുടെ ആത്മഹത്യാക്കുറിപ്പ്

ഞാന്‍ ആനന്ദ് കെ തമ്പി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായി ഉള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവര്‍ ഒരു മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം. അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി)

ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഞാന്‍ എന്റെ 16 വയസ്സു മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ്. തുടര്‍ന്ന് എം ജി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായി പഠിക്കുമ്പോള്‍ ഞാന്‍ ആര്‍എസ്എസിനെ മുഖ്യശിക്ഷയും ആയിരുന്നു. തരാമെന്ന് പറഞ്ഞിട്ടുള്ള സ്വത്തുക്കള്‍ എന്റെഅച്ഛനും അമ്മയും ഇന്നുവരെ എനിക്ക് നല്‍കിയിട്ടില്ല. ആ ഷെയര്‍ എന്റെ മക്കളുടെ പേരില്‍ എഴുതി കൊടുക്കണം എന്ന് ഞാന്‍ എന്റെ അച്ഛനോട് അമ്മയോടും അപേക്ഷിക്കുകയാണ്. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും ആ ഭൗതികശരീരം കാണാന്‍ പോലും അനുവദിക്കരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

ആനന്ദ് കെ തമ്പി