പാലക്കാട് നഗരസഭയില്‍ ബിജെപി മൂന്നാമതും അധികാരം പിടിച്ചത് ഇടത്‌-വലതു മുന്നണികളുടെ കാപട്യത്തിന്റെ ഫലം; എസ്ഡിപിഐ

Update: 2025-12-26 14:00 GMT

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി മൂന്നാമതും അധികാരം പിടിച്ചത് ഇടത്-വലതു മുന്നണികളുടെ കാപട്യത്തിന്റെ ഫലമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് ഇല്യാസ്. കഴിഞ്ഞ പത്ത് വര്‍ഷമായി പാലക്കാട് നഗരസഭ ഭരിച്ചുവരുന്ന ബിജെപി, കേവല ഭൂരിപക്ഷം പോലും ഇല്ലാതെയാണ് വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുന്നത്. 53 അംഗ നഗരസഭയില്‍ വെറും 25 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചിട്ടുള്ളത്. എന്നിട്ടും മൂന്നാമതും ബിജെപി നഗരസഭയില്‍ അധികാരം ഉറപ്പിച്ചതിന് പിന്നില്‍ ഇടത്-വലതു മുന്നണികളുടെ തുറന്ന രാഷ്ട്രീയ കാപട്യമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യമായ സീറ്റുകള്‍ ബിജെപിക്ക് ഇല്ലാതിരുന്നിട്ടും, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിക്കാന്‍ ഇടത്-വലതു മുന്നണികള്‍ തയ്യാറായിരുന്നെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ പൂര്‍ണമായും സാധിക്കുമായിരുന്നുവെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞു. എന്നാല്‍ അത്തരമൊരു നീക്കം പോലും നടത്താതെ, പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്. ഫാസിസത്തിനെതിരെ വാക്കുകളില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന ഇടത്‌വലതു മുന്നണികള്‍, പ്രായോഗിക രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് നഗരസഭയില്‍ ബിജെപി തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത് യാദൃശ്ചികമല്ല; മറിച്ച് ഇടത്‌വലതു മുന്നണികളുടെ രാഷ്ട്രീയ സൗകര്യവാദത്തിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. മൂന്നാമതും ബിജെപി അധികാരം പിടിച്ചതിലൂടെ, പാലക്കാട് നഗരസഭയില്‍ യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ ആരാണെന്നും, ഫാസിസത്തിന് പരോക്ഷ സഹായം നല്‍കുന്നവര്‍ ആരാണെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്നും മുഹമ്മദ് ഇല്യാസ് പറഞ്ഞു.