തെലങ്കാനയില്‍ ബിജെപി-ടിആര്‍എസ് പോര് മുറുകുന്നു

ടിആര്‍എസിനെതിരേ ബിജെപി നടത്തുന്ന കരുനീക്കങ്ങള്‍ക്കുള്ള പകപോക്കലായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റും കസ്റ്റഡിയിമെല്ലാം എന്ന് വിലയിരുത്തപ്പെടുന്നു

Update: 2022-01-04 17:53 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി-ടിആര്‍എസ് പോര് മുറുകുന്നു. ബിജെപി അധ്യക്ഷന്‍ ബി സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കലങ്ങി മറിയുകയാണ്. ടിആര്‍എസിനെതിരേ ബിജെപി നടത്തുന്ന കരുനീക്കങ്ങള്‍ക്കുള്ള പകപോക്കലായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റും കസ്റ്റഡിയിമെല്ലാം എന്ന് വിലയിരുത്തപ്പെടുന്നു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ദിവസമാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു പോലിസ് നടപടി. സംസ്ഥാന അധ്യക്ഷന്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലായതോടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തന്നെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി തെലങ്കാനയില്‍ തമ്പടിക്കുകയാണ്.

 ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും തന്നെയും അറസ്റ്റ് ചെയ്യുമോ എന്നും നദ്ദ ചോദിച്ചു. നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രതിഷേധ റാലി നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തി നാളെ പ്രതിഷേധിക്കുമെന്നും ജെ പി നദ്ദ പറഞ്ഞു. സഞ്ജയ് കുമാര്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ബിജെപി ആരോപണം. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാരെന്ന് അമിത് ഷാ പ്രതികരിച്ചു.


Tags:    

Similar News