വടകരയില്‍ മുസ്‌ലിംകളെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി ശ്രമം
കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ 36ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായ 262 മുസ്‌ലിംകളെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി ശ്രമം. ബിജെപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഹിയറിങ് നടക്കുകയാണ്. നോട്ടിസ് ലഭിച്ചവര്‍ തങ്ങള്‍ വാര്‍ഡിലെ താമസക്കാരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപി കൊടുത്ത അപേക്ഷകളില്‍ പറയുന്നതില്‍ 99 ശതമാനവും വാര്‍ഡില്‍ തന്നെയുള്ളവരാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍ പറഞ്ഞു. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയവരാണ് ബാക്കിയുള്ളവര്‍. അവരും ഇവിടെ തന്നെയായിരിക്കും വോട്ടുചെയ്യുക. 1300 വോട്ടുകളുള്ള വാര്‍ഡിലെ 300 വോട്ടുതള്ളിക്കാനുള്ള ബിജെപിയുടെ നിലപാട് ദുരൂഹമാണെന്ന് കെ വി പി ഷാജഹാന്‍ ചൂണ്ടിക്കാട്ടി. ഹിയറിങിന് എത്തിയ ഉദ്യോഗസ്ഥന്‍ ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ വി പി ഷാജഹാന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ജനകീയ പ്രതിഷേധവുമായി മുന്നോട്ടുപോവാനാണ് പാര്‍ട്ടിയുടെ തീരുമാനം.