ബംഗാളിലെ അക്രമത്തിന് കാരണം ബിജെപിയുടെ മതരാഷ്ട്രീയം: കോണ്‍ഗ്രസ്

Update: 2025-04-12 15:00 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ അക്രമസംഭവങ്ങള്‍ക്ക് കാരണം ബിജെപിയുടെ മതരാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമമാണ് അക്രമങ്ങള്‍ക്ക് നേരിട്ടുള്ള കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പറഞ്ഞു.

''എവിടെയും അക്രമം ഉണ്ടാകരുത്. എന്നാല്‍ സമാധാനപരമായ ഒരു പ്രതിഷേധം അക്രമാസക്തമാകുന്നതിന് ആരാണ് ഉത്തരവാദി? ബിജെപി സര്‍ക്കാരും പ്രധാനമന്ത്രിയും തുടര്‍ന്നും പ്രതിഷേധങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുമോ? മതപരമായ കാര്യങ്ങളില്‍ ഇടപെടുന്ന തരത്തില്‍ അവര്‍ മുസ്‌ലിംകളോടുള്ള വെറുപ്പ് തുടരുമോ? ഈ നിയമം മുസ്‌ലിംകളുടെ മതത്തിലേക്കുള്ള കടന്നുകയറ്റമാണ്. തങ്ങളുടെ മതം ആക്രമിക്കപ്പെടുകയാണെന്ന് തോന്നിയാല്‍ വിശ്വാസികള്‍ പ്രതികരിക്കാറുണ്ട്. പഞ്ചാബിലെ ഗോള്‍ഡന്‍ ടെംപിളായാലും മറ്റേതു സംഭവമായാലും പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ സമാധാനത്തിനായ് അഭ്യര്‍ത്ഥിക്കുകയാണ്. പക്ഷേ, ഈ അസ്വസ്ഥതകള്‍ക്ക് കാരണം ബിജെപി സര്‍ക്കാരാണ്.''- റാഷിദ് അല്‍വി വിശദീകരിച്ചു.

പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ക്രമസമാധാനം വഷളായാല്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നുമുള്ള ബിജെപിയുടെ മുന്നറിയിപ്പിനെയും റാഷിദ് അല്‍വി വിമര്‍ശിച്ചു. ''എന്തിനാണ് ബംഗാളിലെ വിഷയത്തില്‍ ഹിന്ദു-മുസ്‌ലിം ആഖ്യാനം കൊണ്ടുവരുന്നത്. ഈ പ്രതിഷേധങ്ങള്‍ ഹിന്ദുക്കള്‍ക്ക് എതിരല്ല. മറിച്ച്, കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെയാണ്. സമ്മതമില്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു നിയമത്തിനെതിരായ പ്രതിഷേധമാണിത്. ഹിന്ദുക്കളും മുസ്‌ലിംകളും ഐക്യത്തോടെയാണ് ജീവിച്ചിരുന്നത്. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ നിരവധി ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് ഭിന്നത സൃഷ്ടിക്കുകയും രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ബിജെപിയുടെ പഴയ തന്ത്രമാണ്. ഗോള്‍ഡന്‍ ടെംപിള്‍ സംഭവം പോലെ വഖ്ഫ് പ്രതിഷേധം ഗുരുതരമാവുമെന്ന് കരുതുന്നില്ല. പക്ഷെ, പ്രതിഷേധക്കാരുമായി സംസാരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രതിഷേധക്കാരോട് സംസാരിക്കുക, അവരുടെ ആശങ്കകള്‍ മനസ്സിലാക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക. കര്‍ഷക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം നമ്മള്‍ കണ്ടു. കര്‍ഷകര്‍ രണ്ട് വര്‍ഷത്തോളം റോഡുകളില്‍ ഇരുന്നു സമരം ചെയ്തു. അവസാനം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. രാജ്യത്തുടനീളമുള്ള മുസ്‌ലിംകള്‍ പ്രതിഷേധിക്കുമ്പോള്‍ നിയമം പിന്‍വലിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.''-റാഷിദ് അല്‍വി പറഞ്ഞു.