ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹിന്ദുക്കള്‍ക്കായി 1000 സിഎഎ ക്യാംപുകള്‍ തുറക്കുമെന്ന് ബിജെപി
കൊല്‍ക്കത്ത: വിദേശികളായ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ പശ്ചിമബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 1000 സിഎഎ ക്യാംപുകള്‍ തുറക്കുമെന്ന് ബിജെപി. 2002ന് ശേഷം ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച അമുസ്‌ലിംകള്‍ക്ക് പൗരത്വം ലഭിക്കാന്‍ വേണ്ട സഹായമാണ് ഈ ക്യാംപുകള്‍ ചെയ്യുക. പശ്ചിമബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഉടന്‍ നടപ്പാക്കുമെന്നത് കൊണ്ടാണ് ക്യാംപുകള്‍ തുറക്കുന്നത്. പശ്ചിമംബംഗാളില്‍ താമസിക്കുന്ന ഹിന്ദുക്കളായ വിദേശികള്‍ ഉടന്‍ സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കണമെന്നും ബിജെപി പ്രചാരണം നടത്തുന്നുണ്ട്. നോര്‍ച്ച് 24 പരാഗ്‌നാസ്, നാദിയ, കൂച്ച് ബിഹാര്‍, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് മുമ്പ് വിദേശികള്‍ക്ക് പൗരത്വ രേഖകള്‍ നല്‍കാനാണ് നീക്കം. 2000 മുതല്‍ 2024 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയ പൗരത്വമില്ലാത്ത ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ബിജെപി എംഎല്‍എയും അഭയാര്‍ത്ഥി സെല്‍ കണ്‍വീനറുമായ അസിം സര്‍ക്കാര്‍ പറഞ്ഞു.