''പെഹല്‍ഗാമില്‍ നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാന്‍ 'അവരുടെ' സഹോദരിയെ അയച്ചു'' : മധ്യപ്രദേശ് മന്ത്രി വിജയ് ഷാ

Update: 2025-05-13 13:04 GMT

ഭോപ്പാല്‍: കശ്മീരിലെ പെഹല്‍ഗാമില്‍ ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചെന്ന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിലെ മന്ത്രിയായ കുന്‍വര്‍ വിജയ് ഷാ. മോവിലെ മാന്‍പൂര്‍ നഗരത്തില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി വിവാദമായ വര്‍ഗീയ പ്രസ്താവന നടത്തിയത്.


'' മോദി സമൂഹത്തിനു വേണ്ടി പരിശ്രമിക്കുന്നു. െപഹല്‍ഗാമില്‍ നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ, അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു''- മന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടം ഇതിനെ കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

''നിങ്ങള്‍ നമ്മുടെ സഹോദരിമാരെ വിധവകളാക്കിയാല്‍, നിങ്ങളുടെ ഒരു സഹോദരി വന്ന് നിങ്ങളുടെ വസ്ത്രം അഴിക്കും. ഇന്ത്യ അവരുടെ സ്വന്തം വീട്ടില്‍ വെച്ച് അവരെ ആക്രമിക്കുമെന്ന് മോദി പറഞ്ഞിരുന്നു.''-മന്ത്രി വിശദീകരിച്ചു.

നേരത്തെ നിലവിലെ കേന്ദ്രമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്റെ ഭാര്യയായ സാധ്‌ന സിങ് ചൗഹാനെതിരെ ഇയാള്‍ മോശമായ പരാമര്‍ശം നടത്തിയിരുന്നു. അതില്‍ പുറത്താക്കിയ ഇയാളെ പിന്നീടാണ് തിരിച്ചെടുത്തത്.