പ്രാര്‍ത്ഥനക്കായി മീന്‍ കച്ചവടക്കാര്‍ ക്ഷേത്രം നിര്‍മിച്ചു;ക്ഷേത്രത്തിന് അടുത്ത് മീന്‍ കച്ചവടം പാടില്ലെന്ന് ഹിന്ദുത്വര്‍

Update: 2025-04-10 06:24 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്ക് പ്രദേശത്തെ മീഞ്ചന്ത പൂട്ടണമെന്ന് ഹിന്ദുത്വര്‍. കട ഉടമകളെയും മീന്‍ വാങ്ങാനെത്തിയ പശ്ചിമബംഗാള്‍ സ്വദേശികളെയും ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തി. ഹിന്ദുത്വ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കഴിഞ്ഞ 60 വര്‍ഷത്തില്‍ ബംഗാളികളെ ആരും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

മീന്‍ കച്ചവടം സനാതനികളെ വേദനിപ്പിക്കുന്നതായി വീഡിയോയില്‍ ഹിന്ദുത്വര്‍ പറയുന്നത് കേള്‍ക്കാം. ക്ഷേത്രത്തിന് സമീപം മീന്‍ വില്‍ക്കരുതെന്നും ജീവികളെ കൊല്ലുന്നതിന് സനാതന മതം എതിരാണെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍, ഈ ക്ഷേത്രം തന്നെ മീന്‍ കടക്കാര്‍ സ്വന്തം ആരാധനകള്‍ക്കായി നിര്‍മിച്ചതാണ്. മീന്‍ മാര്‍ക്കറ്റ് വന്നതിന് ശേഷമാണ് കച്ചവടക്കാര്‍ ക്ഷേത്രം നിര്‍മിച്ചത്. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളില്‍ മൃഗങ്ങളെ ബലി കൊടുക്കാറുണ്ടെന്നും മീന്‍ കടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.