ഒബിസി, ദലിത് നേതാക്കളെ കാണാന്‍ ബിജെപി നേതൃത്വം

Update: 2026-01-02 03:57 GMT

കൊല്ലം: ക്രിസ്ത്യാനികളില്‍ നിന്നും വേണ്ടത്ര വോട്ടുകിട്ടാത്ത സാഹചര്യത്തില്‍ ഒബിസി, പട്ടികജാതി ഔട്ട്‌റീച്ചിന് പദ്ധതിയുമായി ബിജെപി. കണ്ണൂരില്‍ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യമുയര്‍ന്നു. പട്ടികജാതി സംഘടനകള്‍ക്കു പുറമേ ഹിന്ദു വിഭാഗങ്ങളിലെ ചെറു സമുദായ സംഘടനകളെയടക്കം സമീപിക്കാനാണ് നീക്കം. ഈ മാസം മൂന്നിന് നടക്കുന്ന സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്കുവരും. തെക്കന്‍ കേരളത്തില്‍ സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളായിരുന്ന പല പട്ടികജാതി മേഖലകളിലും നേട്ടമുണ്ടാക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപിയിലെത്തുന്ന പട്ടികജാതി, ഒബിസി വിഭാഗക്കാര്‍ വിട്ടുപോകില്ലെന്നും ക്രൈസ്തവ വോട്ടുകളിലുണ്ടാകുന്നപോലെ ചാഞ്ചാട്ടമുണ്ടാകില്ലെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ വാദം. അതിനാല്‍, നേരിട്ടു കാണേണ്ട പട്ടികജാതി, ഒബിസി നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

പട്ടികജാതി ഔട്ട്‌റീച്ചിനായി കുമ്മനം രാജശേഖരന്‍, പി സുധീര്‍ എന്നിവരുടെയും ഒബിസി ഔട്ട്റീച്ചിനായി കെ കെ അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സമിതിയെ ബിജെപി, നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ഔട്ട്‌റീച്ചിന് കിട്ടിയ പ്രാമുഖ്യം പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചുകള്‍ക്ക് ഉണ്ടായില്ല. കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നതുമില്ല. ഇത് ശക്തമാക്കണമെന്നാണ് നിലവിലെ ആവശ്യം.