ഒന്നരക്കോടി രൂപ ലോണെടുത്ത് ധൂര്‍ത്തടിച്ചു; പുഴയില്‍ വീണ് മരിച്ചെന്ന് പ്രചരിപ്പിച്ചു, ബിജെപി നേതാവിന്റെ മകന്‍ രണ്ടാഴ്ച്ചക്ക് ശേഷം പിടിയില്‍
ഭോപ്പാല്‍: പുഴയിലേക്ക് കാര്‍ മറിഞ്ഞ് ''മരിച്ച'' ബിജെപി നേതാവിന്റെ മകനെ കണ്ടെത്താന്‍ കാളിസിന്ധ് നദിയില്‍ രണ്ടാഴ്ച്ചയായി നടത്തിയ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. 1.40 കോടി രൂപയുടെ കടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി ബിജെപി നേതാവ് മഹേഷ് സോണിയുടെ മകന്‍ വിശാല്‍ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന കണ്ടെത്തലാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം. കാളിസിന്ധ് നദിയില്‍ 20 കിലോമീറ്റര്‍ ദൂരമാണ് രക്ഷാപ്രവര്‍ത്തകര്‍ അരിച്ചുപെറുക്കിയത്. എന്നാല്‍, ഈ സമയം വിശാല്‍ സോണി മഹാരാഷ്ട്രയില്‍ ഒളിവിലായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് കാളിസിന്ധ് നദിയില്‍ ഒരു കാര്‍ മുങ്ങിയതായി പോലിസിന് വിവരം ലഭിച്ചു. മുങ്ങല്‍ വിദഗ്ദ്ധരെത്തി വാഹനം പുറത്തെടുത്തു. എന്നാല്‍ കാറില്‍ ആരേയും കണ്ടെത്താനായില്ല. വിശാല്‍ സോണിയുടേതാണെന്ന് കാറെന്ന് തിരിച്ചറിഞ്ഞതോടെ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. മഹേഷ് സോണി രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ ആരോപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വലിയ സന്നാഹങ്ങള്‍ കൊണ്ടുവന്നു. മൂന്ന് വ്യത്യസ്ത സംഘങ്ങള്‍ 20 കിലോമീറ്റര്‍ ദൂരത്തോളം ഏകദേശം രണ്ടാഴ്ചയോളം നദിയില്‍ തിരച്ചില്‍ നടത്തി.
എന്നാല്‍, രണ്ടാഴ്ച്ചയായപ്പോള്‍ വിശാല്‍ സോണിയുടെ ഫോണ്‍ മഹാരാഷ്ട്രയില്‍ ഓണായി. തുടര്‍ന്ന് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ സംഭാജി നഗര്‍ ജില്ലയിലെ ഫര്‍ദാപൂരില്‍ നിന്നും വിശാലിനെ പിടികൂടി. മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് വിവരത്തെ തുടര്‍ന്നാണ് ഇത്തരമൊരു നാടകത്തിന് ശ്രമിച്ചതെന്നും വിശാല്‍ പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ 5 മണിക്ക് ഗോപാല്‍പുരയ്ക്ക് സമീപത്തേക്ക് ഒരു ട്രക്ക് ഡ്രൈവറെ വിളിച്ച് വരുത്തിയ ശേഷമാണ് നാടകം നടത്തിയത്. നദിക്കരയിലെത്തി കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ അണച്ച ശേഷം വാഹനം നദിയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ട്രക്ക് ഡ്രൈവറുടെ ബൈക്കില്‍ ഇന്‍ഡോറിലേക്ക് കടന്നു. അവിടെ നിന്നാണ് മഹാരാഷ്ട്രയിലേക്ക് കടന്നത്. സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നതിന് ഒരാളെ ശിക്ഷിക്കാന്‍ നിയമമില്ലാത്തതിനാല്‍ കേസെടുക്കാതെ വിശാലിനെ കുടുംബത്തിന് കൈമാറിയതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
