ബിജെപി നേതാവിന്റെ വ്യാജ രേഖ നിര്‍മാണ 'യൂണിറ്റില്‍' റെയ്ഡ് നടത്തി മിലിറ്ററി ഇന്റിലജന്‍സ്; വ്യാജ ആധാര്‍ കാര്‍ഡുകളും സ്റ്റാമ്പുകളും മാര്‍ക്ക് ലിസ്റ്റുകളും പിടിച്ചെടുത്തു

Update: 2025-05-30 15:07 GMT

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ ബിജെപി നേതാവ് നടത്തുന്ന ജനസേവാ കേന്ദ്രത്തില്‍ മിലിറ്ററി ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. വ്യാജ ആധാര്‍ കാര്‍ഡ് അടക്കം നിരവധി രേഖകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. പ്രതികളായ ബിജെപി ഡിവിഷണല്‍ ജനറല്‍ സെക്രട്ടറി മുകേഷ് ദേവലും സഹോദരന്‍ ദീപക് ദേവലും ഓടിരക്ഷപ്പെട്ടു. ബറെയ്‌ലിയിലെ സിബിഗഞ്ച് പ്രദേശത്തായിരുന്നു ഇരുവരും ജനസേവാ കേന്ദ്രം നടത്തിയിരുന്നത്. ഇവിടെ നിര്‍മിച്ച വ്യാജരേഖകള്‍ ഉപയോഗിച്ച് നിരവധി പേര്‍ സൈന്യത്തിലും റെയില്‍വേയിലും ജോലിക്ക് കയറാന്‍ ശ്രമിച്ചു. ഇത് വെളിപ്പെട്ടതോടെയാണ് മിലിറ്ററി ഇന്റലിജന്‍സ് രംഗത്തെത്തിയത്.


മിലിറ്ററി ഇന്റലിജന്‍സ് അറിയിച്ചതിനെ തുടര്‍ന്ന് പോലിസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് സ്ഥാപനത്തില്‍ റെയ്ഡിനെത്തിയത്. പോലിസ് സംഘത്തെ കണ്ടയുടന്‍ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. സ്ഥാപനത്തില്‍ നിന്നും 27 വ്യാജ ആധാര്‍ കാര്‍ഡുകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആയുഷ്മാന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍, ജനപ്രതിനിധികളുടെ സ്റ്റാമ്പുകള്‍, ലാപ്‌ടോപുകള്‍, പ്രിന്ററുകള്‍, വെബ് ക്യാമറ, തമ്പ് സ്‌കാനര്‍ തുടങ്ങിയവ പിടിച്ചെടുത്തു. സ്ഥാപനത്തിലെ കംപ്യൂട്ടറുകളില്‍ സംശയാസ്പദമായ നിരവധി വെബ്‌സൈറ്റുകളും തുറന്നിരിക്കുന്നതായി കണ്ടെത്തി.

ഒരു ലാപ്‌ടോപില്‍ 50 ആധാര്‍ കാര്‍ഡുകള്‍, 10 വോട്ടര്‍ ഐഡി കാര്‍ഡുകള്‍, രണ്ട് ഹൈസ്‌കൂള്‍ മാര്‍ക്ക് ഷീറ്റുകള്‍, 20 ജനന സര്‍ട്ടിഫിക്കറ്റുകള്‍, 20 താമസ സര്‍ട്ടിഫിക്കറ്റുകള്‍, അഞ്ച് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, അഞ്ച് ആയുഷ്മാന്‍ കാര്‍ഡുകള്‍, ഒരു െ്രെഡവിംഗ് ലൈസന്‍സ് എന്നിവ കണ്ടെത്തി. ഇസ്‌ലാമിയ ഗേള്‍സ് ഇന്റര്‍ കോളേജിന്റേതാണ് ഹൈസ്‌കൂള്‍ മാര്‍ക്ക് ഷീറ്റുകള്‍. രണ്ടാമത്തെ ലാപ്‌ടോപ്പിന്റെ ഫോള്‍ഡറില്‍, ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് എന്നിവയുടെ 10 മാര്‍ക്ക് ഷീറ്റുകള്‍, 15 വോട്ടര്‍ ഐഡി കാര്‍ഡുകള്‍, 50 ആധാര്‍ കാര്‍ഡുകള്‍, 10 റേഷന്‍ കാര്‍ഡുകള്‍, 50 താമസ സര്‍ട്ടിഫിക്കറ്റുകള്‍, അഞ്ച് ആയുഷ്മാന്‍ കാര്‍ഡുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയിലെ ജീവനക്കാര്‍ക്ക് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്തെ കൗണ്‍സിലര്‍മാരായ ഫിര്‍ദൗസ് ഖാന്‍, സഹീറുദ്ദീന്‍ എന്നിവരുടെ പേരുകളിലുള്ള സീലുകളും പിടിച്ചെടുത്തു. ബാങ്ക് ഓഫ് ബറോഡ സിബിഗഞ്ച് ബ്രാഞ്ചിന്റെ സീല്‍, എല്‍ഐസിയുടെ വ്യാജ രസീതുകള്‍, നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ ഉദ്യോഗസ്ഥരുടെ സീലുകളും കണ്ടെടുത്തിട്ടുണ്ട്. എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ബിജെപി നേതാവ് മുകേഷ് ദേവാല്‍ മഹേഷ്പൂര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ട്. നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബിജെപി സിബിഗഞ്ച് മണ്ഡലം പ്രസിഡന്റ് അജയ് മൗര്യയ്‌ക്കൊപ്പം മുകേഷ്‌