കന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും; അരമനകള്‍ കയറാന്‍ തീരുമാനിച്ച് ബിജെപിയിലെ ക്രൈസ്തവ നേതാക്കള്‍
തിരുവനന്തപുരം: ഛത്തീസ്ഗഡ് സര്‍ക്കാര്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതും ജാമ്യം നല്‍കിയതും ക്രൈസ്തവരും സ്വന്തം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്നും അകലാന്‍ കാരണമായതായി ബിജെപി വിലയിരുത്തി. അതിനാല്‍, ക്രൈസ്തവരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ അരമനകളില്‍ സന്ദര്‍ശനം നടത്താന്‍ ബിജെപി തീരുമാനിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞ ദിവസം നടന്ന ക്രൈസ്തവ നേതാക്കളുടെ പ്രത്യേക യോഗമാണ് ഈ തീരുമാനമെടുത്തത്.
െ്രെകസ്തവ നേതാക്കളെ മാത്രം അരമനകളിലേക്ക് അയയ്ക്കാനാണ് പരിപാടി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനാണ് ചുമതല. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോര്‍ജും വിവിധ മതമേലധ്യക്ഷന്മാരെ കാണും. കുറഞ്ഞത് ഒരു മണിക്കൂര്‍ അരമനകളില്‍ ചെലവഴിക്കാനും പറഞ്ഞിട്ടുണ്ട്.
അതേസമയം, കന്യാസ്ത്രീകളെ വിട്ടയച്ചതിനെതിരേ വിഎച്ച്പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ശക്തമാക്കി. വിഎച്ച്പി ദേശീയ നേതാക്കള്‍തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ ചൊവ്വാഴ്ച രംഗത്തെത്തി. കന്യാസ്ത്രീകള്‍ക്കൊപ്പം പിടിയിലായ പെണ്‍കുട്ടികളുടെ മൊഴിമാറ്റത്തില്‍ ഗൂഢാലോചന നടന്നെന്ന ഗുരുതരമായ ആരോപണവും ഹിന്ദു ഐക്യവേദി ഉന്നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനകളെ പിണക്കുന്നത് ദോഷമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
