'പശുസംരക്ഷകന്‍' ബിജെപി നേതാവ് സംഗീത് സോം മാംസവില്‍പ്പന കമ്പനി ഡയറക്ടറെന്ന് (വീഡിയോ)

Update: 2026-01-08 08:59 GMT

ലഖ്‌നോ: പശുസംരക്ഷന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സംഗീത് സോം മാംസ വില്‍പ്പനക്കമ്പനിയുടെ ഡയറക്ടറാണെന്ന് വെളിപ്പെടുത്തല്‍. സര്‍ധാനയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയായ അതുല്‍ പ്രധാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊയിന്‍ ഖുറേശി എന്നയാള്‍ നടത്തുന്ന മാംസവില്‍പ്പന കമ്പനിയുടെ ഡയറക്ടറാണ് സംഗീത് സോമെന്ന് രേഖകള്‍ പ്രകാരമാണ് അതുല്‍ പ്രധാന്‍ വെളിപ്പെടുത്തിയത്. മാംസവില്‍പ്പനയ്ക്ക് പിന്നാലെ മദ്യ ഫാക്ടറിയും സംഗീത് സോമിനുണ്ട്. സംഗീത് സോമിന് സര്‍ക്കാര്‍ സുരക്ഷ നല്‍കിയതിനെയും അതുല്‍ പ്രധാന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 11 വര്‍ഷമായി സിആര്‍പിഎഫാണ് സോമിന് സുരക്ഷ നല്‍കുന്നത്. ഇതുവരെ ഏകദേശം 66 കോടി രൂപ സര്‍ക്കാരുകള്‍ ചെലവാക്കി. സുരക്ഷ നിലനിര്‍ത്താനാണ് ബംഗ്ലാദേശില്‍ നിന്നും ഭീഷണി വന്നെന്ന് പറയുന്നത്. നേരത്തെ സംഗീത് സോമിനെതിരെ നടന്നുവെന്ന് പറയപ്പെടുന്ന ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണം. ആരോപണങ്ങള്‍ തെറ്റാണെന്ന് സംഗീത് സോം പറയുകയാണെങ്കില്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നും അതുല്‍ പ്രധാന്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ല്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. പിന്നീട് ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നവര്‍ക്ക് ജാമ്യം വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും അധികം ഹലാല്‍ മാംസം കയറ്റി അയക്കുന്ന അല്‍ ദുവ കമ്പനിയുടെ സ്ഥാപക അംഗമായിരുന്നു സംഗീത് സോം. മൊയിന്‍ ഖുറേശിയും മറ്റൊരാളുമായിരുന്നു മറ്റു പാര്‍ട്ടണര്‍മാര്‍. 2005ലാണ് ഈ കമ്പനി സ്ഥാപിച്ചത്. 2008ല്‍ സംഗീത് സോം കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി. തന്റെ കൈവശമുണ്ടായിരുന്ന 20,000 ഓഹരികള്‍ വിറ്റു.