ഉത്തര്‍പ്രദേശ് പോലിസിന്റെ മാലപൊട്ടിക്കലുകാരുടെ പട്ടികയില്‍ ബിജെപി നേതാവും

Update: 2025-10-31 11:01 GMT

മിര്‍സാപൂര്‍: മാലപൊട്ടിക്കലും റോഡരികിലെ കൊള്ളയും തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കഛ്‌വ പോലിസ് പുറത്തിറക്കിയ പോസ്റ്ററില്‍ പ്രാദേശിക ബിജെപി നേതാവും. ബിജെപി മജ്ഹവന്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഭോനി സിങിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് ഈ ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മന്ത്രി അനില്‍ രാജ്ബാര്‍, ബിജെപി കാശി പ്രദേശ പ്രസിഡന്റ് ദിലീപ് സിങ് പട്ടേല്‍, മജ്ഹവന്‍ എംഎല്‍എ സുഷിമിത്ര മൗര്യ അടക്കമുള്ളവരുടെ കൂടെയുള്ള ചിത്രങ്ങള്‍ ഭോനി സിങ് സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്തതായി കാണാം. ബിജെപി നേതാക്കളുടെ ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനമാണ് പോലിസിന്റെ ബാനര്‍ തുറന്നുകാണിച്ചതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ദേവി പ്രസാദ് ചൗധരി പറഞ്ഞു. സ്ത്രീകളുടെ താലിമാല പൊട്ടിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. പാര്‍ട്ടിക്കാരെ കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ദേവി പ്രസാദ് ചൗധരി പരിഹസിച്ചു.