യെലഹങ്കയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ബിജെപി നേതാവ്

Update: 2026-01-01 03:32 GMT

ബെംഗളൂരു: കര്‍ണാടകത്തിലെ യെലഹങ്കയില്‍ താമസിച്ചിരുന്നവരുടെ ഭൂരേഖകള്‍ എന്‍ഐഎ പരിശോധിക്കണമെന്ന് ബിജെപി നേതാവും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവുമായ ചലവതി നാരായണ സ്വാമി. ന്യൂനപക്ഷ വോട്ടുകള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ യെലഹങ്കയിലെ ബുള്‍ഡോസര്‍ നടപടികളില്‍ നിന്ന് പിന്നോട്ടു പോവുകയാണെന്നും നാരായണ സ്വാമി ആരോപിച്ചു. 38 ലക്ഷം കര്‍ണാടകക്കാര്‍ വീടിനായി കാത്തിരിക്കുമ്പോള്‍ യെലഹങ്കയിലെ ആളുകള്‍ക്ക് അതിവേഗം ഫ്‌ളാറ്റുകള്‍ നല്‍കുകയാണെന്നും നാരായണ സ്വാമി ആരോപിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നടപടികള്‍ ബെംഗളൂരുവിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സി എന്‍ അശ്വത് നാരായണും ആരോപിച്ചു.

അതേസമയം, കര്‍ണാടകയെ മിനി ബംഗ്ലാദേശാക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആര്‍ അശോകയും ആരോപിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും സമ്മര്‍ദ്ദം മൂലമാണ് കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ അശോക ആരോപിച്ചു.