ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ സെക്‌സ് റാക്കറ്റ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. റാണി ദുര്‍ഗാവതി മണ്ഡലത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ അതുല്‍ ചൗരസ്യയാണ് അറസ്റ്റിലായത്. അസം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. മൂന്നു വര്‍ഷം മുമ്പാണ് യുവതി ജോലി തേടി ജബല്‍പൂരില്‍ എത്തിയത്. ജോലി വാഗ്ദാനം ചെയ്ത ശേഷം ഹോട്ടലില്‍ പൂട്ടിയിട്ട് യുവതിയെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവയ്ക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ശീതള്‍ ദുബെ ഒളിവിലാണ്.
ഹോട്ടലില്‍ വരുന്ന ആളുകളെ തന്റെ മുറിയിലേക്ക് അയക്കുകയായിരുന്നു അതുല്‍ ചൗരസ്യ ചെയ്തിരുന്നതെന്ന് യുവതിയുടെ പരാതി പറയുന്നു. ഒരോരുത്തരില്‍ നിന്നും അയ്യായിരം രൂപ വരെ വാങ്ങി. നാലുമാസം മുമ്പാണ് യുവതി ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടത്. അസമില്‍ പോയെങ്കിലും അവിടെയും സംഘം പിന്തുടര്‍ന്നു. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ വേണ്ട നടപടിയെടുക്കാന്‍ ജബല്‍പൂര്‍ കലക്ടര്‍ക്ക് കത്തെഴുതുമെന്ന് അസമിലെ ഗഢ പോലിസ് അറിയിച്ചു.
ജബല്‍പൂരില്‍ മാത്രം ഒതുങ്ങുന്ന ചെറിയ സെക്‌സ് റാക്കറ്റ് അല്ല ഇതെന്നും പോലിസ് സംശയിക്കുന്നു. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയും ഇവിടെ എത്തിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, സിക്കിം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ഇവിടെ എത്തിച്ചതായാണ് വിവരം. പ്രതിയുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പ്രതിയെ പുറത്താക്കിയതായി ബിജെപി പ്രഖ്യാപിച്ചു. അതുല്‍ ചൗരസ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായ് ജില്ലാ പ്രസിഡന്റ് രത്‌നേഷ് സോങ്കര്‍ പറഞ്ഞു.
