വോട്ട് രണ്ടുശതമാനം കുറഞ്ഞെന്ന് വിലയിരുത്തി ബിജെപി

Update: 2025-12-15 12:12 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുശതമാനത്തില്‍ രണ്ടു ശതമാനം കുറവുണ്ടായതായി വിലയിരുത്തി ബിജെപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടു കിട്ടിയെങ്കിലും ഇത്തവണ രണ്ടു ശതമാനം കുറഞ്ഞതായാണ് ബിജെപി വിലയിരുത്തുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയവും കോഴിക്കോട്, കൊല്ലം കോര്‍പറേഷനുകളിലെ നേട്ടവുമുണ്ടെങ്കിലും വോട്ടുശതമാനം കുറഞ്ഞുവെന്ന് തന്നെയാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച 600 വാര്‍ഡുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ 1919 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. തൃശൂരില്‍ മുന്നേറാന്‍ കഴിയാത്തതിലും ബിജെപി സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ കിട്ടിയില്ല. അഞ്ച് കോര്‍പറേഷനുകളിലുമായി 94 സീറ്റുകളാണ് ബിജെപി ജയിച്ചത്. അന്‍പത് സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്തി. നഗരസഭകളില്‍ 380 വാര്‍ഡുകള്‍ നേടി അഞ്ഞൂറിലേറെ സീറ്റുകളില്‍ ജയസാധ്യതയ്‌ക്കൊപ്പമെത്തി. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര കേന്ദ്രീകൃതമായ 35 നിയോജകമണ്ഡലങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാനും പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ച് പ്രവര്‍ത്തനത്തിന് ഇറങ്ങാനുമാണ് തീരുമാനം.