കശ്മീരിലെ ''തീവ്രവാദികളായ'' പാര്‍ട്ടി അംഗങ്ങളുടെ പട്ടിക പരസ്പരം കൈമാറി ബിജെപിയും എഎപിയും

Update: 2025-09-13 11:59 GMT

ശ്രീനഗര്‍: കശ്മീരിലെ രാഷ്ട്രീയസാഹചര്യത്തെ ചൊല്ലി ബിജെപിയും എഎപിയും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുന്നു. ദോദ എംഎല്‍എയും എഎപി നേതാവുമായ മെഹ്‌രാജ് മാലിക്കിനെ പൊതുസുരക്ഷാ നിയമം ഉപയോഗിച്ച് ജയിലില്‍ അടച്ചതാണ് തര്‍ക്കം തുടങ്ങാന്‍ കാരണം. ഹിസ്ബുള്‍ മുജാഹീദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാണിയെ മഹത്വവല്‍ക്കരിച്ചയാളാണ് മെഹ്‌രാജ് മാലിക്കെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, മുന്‍കാലത്ത് വിവിധ 'തീവ്രവാദ' സംഘടനകളില്‍ പ്രവര്‍ത്തിച്ച നിരവധി പേര്‍ ഇപ്പോള്‍ ബിജെപിയുടെ ഭാഗമാണെന്ന് മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ള നിരവധി പേര് അടങ്ങിയ പട്ടികയും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. '' വിരമിച്ച 'തീവ്രവാദികള്‍' ബിജെപിയിലാണ്. ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ച ഐടി സെല്‍ മേധാവി താലിബ് ഹുസൈന്‍ ഷാ, ലഷ്‌കര്‍ ത്വയ്ബ നേതാവാണെന്ന് 2022ലാണ് വെളിപ്പെട്ടു. ബിജെപി നേതാവ് ഫയാസ് അഹമദ് നജാര്‍ 'തീവ്രവാദിയാണെന്നും' സഞ്ജയ് സിങ് ആരോപിച്ചു. എന്നാല്‍, ഖാലിസ്താന്‍ പ്രവര്‍ത്തകരുമായി എഎപിക്ക് ബന്ധമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.