കുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന അധ്യാപികക്കെതിരേ കേസ്; പശുവിന്റെ തലച്ചോറെന്ന് ഹിന്ദുത്വര്‍
ഹൈദരാബാദ്: മസ്തിഷ്‌കത്തെ കുറിച്ച് പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസിലേക്ക് കൊണ്ടുവന്ന അധ്യാപികക്കെതിരേ കേസെടുത്തു. തെലങ്കാനയിലെ വികാരാബാദിലെ ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപികയായ കാസിം ബിക്കെതിരെയാണ് കേസ്. പശുക്കശാപ്പ് തടയല്‍ നിയമം, മൃഗ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസ്.
ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം. ഒരു പാത്രത്തിലാണ് അധ്യാപിക ആടിന്റെ തലച്ചോര്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ക്ലാസില്‍ കുട്ടികള്‍ അത് പരിശോധിച്ചു. അധ്യാപിക മസ്തിഷ്‌കത്തിന്റെ രൂപവും ഭാവവും പ്രവര്‍ത്തനവും കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. എന്നാല്‍, ചിലര്‍ ഇത് വിവാദമാക്കി. തൊട്ടടുത്ത ദിവസം ഹിന്ദുത്വര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. പശുവിന്റെ തലച്ചോര്‍ കൊണ്ടുവന്നെന്നും അധ്യാപികയുടെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്നും നടപടി വേണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് പ്രധാന അധ്യാപകന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. എതു ജീവിയുടെ തലച്ചോര്‍ ആണെന്ന് പരിശോധിച്ചുവരുന്നതായി പോലിസ് പറഞ്ഞു. അധ്യാപികയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുക ദേവി പറഞ്ഞു.