വ്യാജ മാലമോഷണക്കേസ്: ഒരു കോടിയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

Update: 2025-09-15 12:22 GMT

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പോലിസ് വ്യാജ മാലമോഷണക്കേസില്‍ കുടുക്കി പീഡിപ്പിച്ച ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണു ബിന്ദു ആവശ്യപ്പെട്ടത്. ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചു. തുടര്‍ന്ന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി, ആരോപണ വിധേയനായ എസ്‌ഐ പ്രദീപ്, എഎസ്ഐ പ്രസന്നകുമാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതിനിടെ, ബിന്ദു തിരുവനന്തപുരം എംജിഎം പബ്ലിക് സ്‌കൂളില്‍ പ്യൂണ്‍ ആയി ജോലിയില്‍ കയറിയിട്ടുമുണ്ട്.