മുസ്‌ലിം പള്ളിക്ക് സമീപം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഹിന്ദുത്വര്‍; ബിഹാറിലെ ജാമുയുവില്‍ സംഘര്‍ഷം

Update: 2025-02-18 01:51 GMT

പറ്റ്‌ന: ബിഹാറിലെ ജാമുയ് ജില്ലയിലെ ജാഝ പ്രദേശത്ത് മുസ്‌ലിം പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഹിന്ദുത്വര്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തിന് കാരണമായി. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി ജില്ലാ മജിസ്‌ട്രേറ്റ് അഭിലാഷ് ശര്‍മ പറഞ്ഞു. സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയും ഹിന്ദു സ്വാഭിമാന്‍ എന്ന സംഘടനയും ചേര്‍ന്നാണ് പോലിസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലീസ നടത്തിയ ശേഷമാണ് ഹിന്ദുത്വര്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതും പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതും.

പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികമായി പോലിസിനെ അയച്ചെന്ന് ജാമുയു എസ്പി മദന്‍ കുമാര്‍ ആനന്ദ് പറഞ്ഞു. അധികമായി പോലിസ് എത്തുമ്പോഴെക്കും സംഘര്‍ഷം ആരംഭിച്ചിരുന്നു. സംഭവത്തില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. 60ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഇതിന് ശേഷം ജാഝ പ്രദേശത്ത് പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു.

പള്ളിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അതിന് അകത്തിരുന്ന് പ്രകോപനപരമായ രീതിയില്‍ സംസാരിക്കുന്ന ഹിന്ദുത്വ ആക്ടിവിസ്റ്റ് ഖുഷ്ബു പാണ്ഡെയുടെ വീഡിയോയും പുറത്തുവന്നു.ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് ഖുഷ്ബു പാണ്ഡെക്കെതിരെ നിരവധി കേസുകളുണ്ട്.