ഗുരുദക്ഷിണയായി പ്ലസ് ടു വിദ്യാര്‍ഥിനി കാമുകിയാവണമെന്ന് ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്
പറ്റ്‌ന: ഗുരുദക്ഷിണയായി പ്ലസ് ടു വിദ്യാര്‍ഥിനി കാമുകിയാവണമെന്ന് ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസെടുത്തു. ബിഹാറിലെ കിഷന്‍ഗഞ്ചിലെ കിസാന്‍ ഹൈസ്‌കൂളിലെ അധ്യാപകനായ വികാസ് കുമാറിനെതിരെയാണ് കേസ്. കാമുകിയായാല്‍ പശ്ചിമബംഗാളിലെ വിനോദസഞ്ചാര കേന്ദ്രമായ സിലിഗുഡിയിലേക്ക് ഒരുമിച്ച് പോവാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.
ഹിന്ദു ഇതിഹാസമായ മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ദ്രോണാചാര്യ-ഏകലവ്യ ബന്ധം പോലെ ഗുരുവായ തന്നെയും ഭക്തിയോടെ കാണണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ പരാതി പറയുന്നു. അമ്പെയ്ത്തും മറ്റും പഠിച്ചതിന് പകരമായി ഏകലവ്യന്റെ തള്ളവിരല്‍ ദ്രോണാചാര്യര്‍ ചോദിച്ചെന്നാണ് മഹാഭാരതം പറയുന്നത്. നിരന്തരമായ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതും പോലിസില്‍ പരാതി നല്‍കിയതും. സ്‌കൂളിലെ ഒരു അധ്യാപികയോടും ഇയാള്‍ സമാനമായ രീതിയില്‍ സംസാരിച്ചിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ സ്‌കൂള്‍ ഉപരോധിച്ചു. വിഷയത്തില്‍ സമാന്തര അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.