ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-09-10 13:43 GMT

ന്യൂഡല്‍ഹി: ബിഹാര്‍ മാതൃകയില്‍ രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. ബിഹാറിലെ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

വോട്ടര്‍ പട്ടിക പരിഷ്‌കരണം ബിഹാര്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പുതന്നെ വന്നേക്കാം. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം എപ്പോള്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയതായാണ് വിവരം. പുനഃപരിശോധന സമയത്ത് വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കുന്നത്. ഇവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.

ഉദാഹരണത്തിന്, ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തീരപ്രദേശങ്ങളിലും തിരിച്ചറിയലിനും താമസത്തിനുമുള്ള തെളിവായി പലപ്പോഴും തനതായ രേഖകളുണ്ട്. പലയിടങ്ങളിലും, പ്രാദേശിക സ്വയംഭരണ കൗണ്‍സിലുകളും തദ്ദേശ സ്ഥാപനങ്ങളും വ്യാപകമായി അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ട്. സ്ഥിരീകരണ പ്രക്രിയയ്ക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ഈ വ്യത്യാസങ്ങള്‍ കൂടി പരിഗണിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.