നിതീഷ് കുമാര്‍ നിഖാബ് പിടിച്ചുവലിച്ച മുസ്‌ലിം ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചില്ല

Update: 2025-12-21 02:43 GMT

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് പിടിച്ചുവലിച്ച മുസ്‌ലിം വനിതാ ഡോക്ടര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചില്ല. ഇന്നലെ വൈകീട്ട് ആറു മണിക്കുള്ളില്‍ സബല്‍പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു നിയമനക്കത്തിലെ നിര്‍ദേശം. എന്നാല്‍, അവര്‍ ജോലിയില്‍ പ്രവേശിച്ചില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. ജോലിയില്‍ പ്രവേശിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ ഇനി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിടേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, വനിതാ ഡോക്ടര്‍ക്ക് മൂന്നുലക്ഷം രൂപ മാസ ശമ്പളമുള്ള ജോലി നല്‍കാന്‍ തയ്യാറാണെന്ന് ബിഹാര്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അക്കോമഡേഷനും ഇഷ്ടമുള്ളയിടത്ത് നിയമനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 15നാണ് നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ നിഖാബ് പിടിച്ചുവലിച്ചു താഴ്ത്തിയത്. സംഭവത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. നിതീഷ് കുമാറിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകളും ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍, ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (കേരള മുന്‍ ഗവര്‍ണര്‍) നിതീഷ് കുമാറിന് പിന്തുണയുമായി രംഗത്തെത്തി. പിതാവിന്റെ സ്ഥാനത്ത് നിന്നാണ് നിതീഷ് കുമാര്‍ നിഖാബ് മാറ്റിയതെന്ന് ആരിഫ് ഖാന്‍ അവകാശപ്പെട്ടു. വനിതാ വിദ്യാര്‍ഥികളെ തന്റെ മകളായാണ് നിതീഷ് കുമാര്‍ കാണുന്നതെന്നും ആരിഫ് ഖാന്‍ അവകാശപ്പെട്ടു.