മുസ്‌ലിം സ്ത്രീയുടെ നിഖാബ് പിടിച്ചുവലിച്ച് ബിഹാര്‍ മുഖ്യമന്ത്രി

Update: 2025-12-16 01:46 GMT

പാറ്റ്‌ന: മുസ്‌ലിം സ്ത്രീയുടെ നിഖാബ് പിടിച്ചുവലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നയില്‍ ഇന്നലെ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെയാണ് മുസ്‌ലിം സമുദായ അംഗമായ ഡോക്ടറുടെ നിഖാബ്, നിതീഷ് കുമാര്‍ പിടിച്ചുവലിച്ച് താഴ്ത്തിയത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോക്ടറായ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതിന് പിന്നാലെ അദ്ദേഹം യുവതിയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഏതെങ്കിലും തരത്തില്‍ യുവതിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാര്‍ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു. ഇതോടെ യുവതിയുടെ മുഖം ഭാഗികമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. സംഭവം തടയാന്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

അത്യന്തം ഹീനവും ലജ്ജാവഹവുമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിതീഷിന്റെ പ്രവൃത്തി മാനസികാരോഗ്യത്തിന്റെ തകര്‍ച്ചയുടെ തെളിവാണോ എന്ന് ആര്‍ജെഡി ചോദിച്ചു. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിലൂടെ നിതീഷ് കുമാര്‍ വ്യക്തമാക്കിയതെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.

'നിഖാബ് ധരിച്ചിരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീയുടെ മുഖത്തുനിന്നും അത് മാറ്റുന്നതിലൂടെ, സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ജെഡിയുവും ബിജെപിയും ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ സ്വഭാവം മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഒരു സ്ത്രീയുടെ മുഖം മറയ്ക്കുന്നത്, ഇന്ത്യന്‍ ഭരണഘടനയും അതിന്റെ ഭരണഘടനാപരമായ സംവിധാനവും എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന കാര്യമാണ്. ''-അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെങ്കിലും യുവതിയുടെ സ്വകാര്യത ഹനിക്കപ്പെട്ടതിനാല്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ചില കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. പക്ഷേ, നിതീഷ് കുമാറിനെതിരെ നടപടി ആവശ്യമാണെന്നും സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.