ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: ഗാരിജില്‍ സൂക്ഷിച്ച വാഹനം കാണാതായി

Update: 2026-01-20 08:11 GMT

കോഴിക്കോട്: ഭൂട്ടാനില്‍നിന്ന് ആഡംബര വാഹനങ്ങള്‍ കടത്തിയെന്ന ആരോപണത്തില്‍ മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജില്‍ തന്നെ സൂക്ഷിക്കാന്‍ ഏല്‍പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ വാഹനം കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇപ്പോള്‍ മുക്കം പോലിസില്‍ പരാതി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിലെത്തിയപ്പോഴാണു വാഹനം കാണാതായ കാര്യം വ്യക്തമായത്. ആഡംബര കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23നു നടത്തിയ ഓപറേഷന്‍ നുംഖുര്‍ പരിശോധനയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നായി 16 വാഹനങ്ങളാണു പിടിച്ചെടുത്തത്.

മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമില്‍നിന്ന് 13 വാഹനങ്ങളും മുക്കം, കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളില്‍ നിന്നായി 3 വാഹനവും പിടിച്ചെടുത്തിരുന്നു. തൊണ്ടയാട്ടെ ഷോറൂമില്‍നിന്നു കണ്ടെത്തിയ കാറും അവിടെത്തന്നെ സൂക്ഷിക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിരുന്നു. റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി ഹിമാചല്‍ പ്രദേശില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചത്.