ന്യൂഡല്‍ഹി: ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിയാക്കിയ ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കേള്‍ക്കണമെന്ന് സുപ്രിംകോടതി. നേരത്തെ സുപ്രിംകോടതിയില്‍ നല്‍കിയ ഒരു ഹരജി ഹാനി ബാബു പിന്‍വലിച്ചിരുന്നു. ഇത് പിന്‍വലിച്ചതിനാല്‍ ഹൈക്കോടതിക്ക് ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയുമോയെന്ന ആശങ്കയാണ് സുപ്രിംകോടതി മാറ്റിയത്.
2020 ജൂലൈയിലാണ് യുഎപിഎ പ്രകാരമുള്ള കേസില്‍ ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബറില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. അപ്പോഴാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. അത് പിന്നീട് പിന്‍വലിച്ചു. എന്നാല്‍, പിന്നീട് ജാമ്യാപേക്ഷ കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. സുപ്രിംകോടതിയില്‍ നിന്നും വിശദീകരണം തേടി വരാനായിരുന്നു നിര്‍ദേശം. അതുപ്രകാരമാണ് ഇന്ന് സുപ്രിംകോടതിയെ സമീപിച്ചത്. ഭീമ കൊറേഗാവ് കേസില്‍ ഗവേഷണ വിദ്യാര്‍ഥി റോണ വില്‍സന്‍, ആക്ടിവിസ്റ്റുകളായ സുധീര്‍ ധവാലെ, സുധ ഭരദ്വാജ് എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. തെലുങ്ക് കവി വരവര റാവു, ശോമ സെന്‍, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറൈറ എന്നിവര്‍ക്ക് സുപ്രിംകോടതിയും ജാമ്യം നല്‍കിയിരുന്നു.