''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ അപമാനിച്ചെന്ന് രാജ്ഭവന്‍

Update: 2025-06-19 09:46 GMT

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ 'ഭാരതാംബ' ചിത്രം വെച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്‌കരിച്ചിരുന്നു. എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളില്‍ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനാണെന്ന് മന്ത്രി ചോദിച്ചു.

ഇതിനെതിരെയാണ് രാജ്ഭവന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ശിവന്‍കുട്ടി പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. മന്ത്രി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. ഭാരതാംബയുടെ ചിത്രം അറിയില്ല എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്. ഇത് വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.